റഷ്യ പരിശീലനം നൽകി അയച്ച ചാരത്തിമിംഗിലമെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗിലമായ ഹ്വാൾദിമിർ ചത്ത നിലയിൽ. നോർവേയ്ക്ക് സമീപം കടലിൽ ശനിയാഴ്ചയാണ് ഹ്വാൾദിമിറിനെ ചത്തനിലയിൽ കണ്ടെത്തിയത്. നോർവേയിലെ സ്റ്റാവഞ്ചർ നഗരത്തിന് സമീപം റിസവിക ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയ പിതാവും മകനുമാണ് ഹ്വാൾദിമിറിനെ ചത്തനിലയിൽ കണ്ടെത്തിയത്. 2019ലാണ് ആൺ ബെലൂഗ തിമിംഗിലമായ ഹ്വാൾദിമിറിനെ ആദ്യമായി കണ്ടെത്തുന്നത്. 1225 കിലോഗ്രാമോളം ഭാരവും 14 അടി നീളവുമുള്ള വെള്ളനിറത്തിലുള്ള കുഞ്ഞൻ തിമിംഗിലമാണ് ഹ്വാൾദിമിർ. വടക്കൻ നോർവേയിലെ തീരനഗരമായ ഹമ്മർഫെസ്റ്റിന് സമീപം കടലിൽ മത്സ്യത്തൊഴിലാളികളാണ് ആദ്യമായി ഹ്വാൾദിമിറിനെ കണ്ടത്. കഴുത്തിൽ 'സെന്റ് പീറ്റേഴ്സ്ബർഗിൽ (റഷ്യൻ നഗരം) നിന്നുള്ള ഉപകരണം' എന്ന് രേഖപ്പെടുത്തിയ കോളർ ബെൽറ്റ് കണ്ടതോടെയാണ് ഹ്വാൾദിമിർ റഷ്യയുടെ ചാരത്തിമിംഗിലമാണെന്ന സംശയമുയർന്നത്. കോളർബെൽറ്റിൽ ക്യാമറയും ഘടിപ്പിച്ചിരുന്നു. നോർവീജിയൻ ഭാഷയിൽ തിമിംഗിലം എന്നർഥം വരുന്ന 'ഹ്വാൽ', റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ പേരിന്റെ ഭാഗമായ 'വ്ളാദിമിർ' എന്നീ വാക്കുകൾകൂട്ടിച്ചേർത്താണ് ചാരത്തിമിംഗിലത്തിന് ഹ്വാൾദിമിർ എന്ന പേര് നൽകിയത്.
#whale #spy #putin
#whale #spy #putin
- Category
- NORWEGIAN NEWS
- Tags
- KeralaKaumudi, Hvaldimir, beluga whale
Commenting disabled.